Kumarakom raghunath biography of rory
‘ദിലീപ്’ കുഴപ്പിച്ചപ്പോൾ രക്ഷയ്ക്കെത്തിയത് കെപിഎസി ലളിത: കുമരകം രഘുനാഥ് അഭിമുഖം
വൃദ്ധന്മാരെ സൂക്ഷിക്കുക എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയം. ആർടിസ്റ്റുകൾ താമസിക്കുന്ന കോട്ടേജിലേക്ക് കുമരകം രഘുനാഥിനെ അന്വേഷിച്ചൊരു ഫോൺകോൾ എത്തി. സംവിധായകൻ ഭരതനാണെന്ന് മറുതലയ്ക്കലുള്ള ശബ്ദം സ്വയം പരിചയപ്പെടുത്തി. ദിലീപും ഹരിശ്രീ അശോകനുമൊക്കെയുള്ള സെറ്റിൽ 'പ്രമുഖ'രുടെ ഫോൺ കോളുകൾ പതിവായിരുന്നതുകൊണ്ട് കുമരകം രഘുനാഥ് അതു കാര്യമായെടുത്തില്ല.
'ഫോൺ വച്ചിട്ടു പോടോ' എന്നു പറഞ്ഞ് ഫോണും കട്ട് ചെയ്ത് കുമരകം പോയി കിടന്നുറങ്ങി. അടുത്ത ദിവസം സെറ്റിലെത്തി, കെപിഎസി ലളിതയെ കണ്ടപ്പോഴാണ് തനിക്കു പറ്റിയ അബദ്ധം അദ്ദേഹം തിരിച്ചറിയുന്നത്. എന്തായാലും ക്ഷമാപണത്തോടെ കുമരകം രഘുനാഥ് സംവിധായകൻ ഭരതനെ വിളിച്ചു. അദ്ദേഹത്തിന്റെ ആവശ്യം കേട്ടപ്പോൾ തെല്ലൊന്ന് അമ്പരന്നെങ്കിലും അധികം ആലോചിക്കാതെ തന്നെ കുമരകം രഘുനാഥ് സമ്മതം മൂളി.
അങ്ങനെയാണ് ദേവരാഗത്തിൽ അരവിന്ദ് സ്വാമിക്ക് കുമരകം രഘുനാഥ് ശബ്ദമാകുന്നത്.
കഥ അവിടെ തീർന്നില്ല. ദേവരാഗം റിലീസ് ചെയ്തു രണ്ടു ദിവസം കഴിഞ്ഞപ്പോൾ വീണ്ടും കുമരകത്തെ തേടി ഭരതന്റെ വിളിയെത്തി. "താൻ കേരളത്തിൽ അറിയപ്പെടുന്ന ആളാണല്ലേ," ഭരതൻ ചോദിച്ചു. ആശ്ചര്യത്തോടെ ഭരതൻ ചോദിച്ചതിന് ഒരു കാരണമുണ്ട്. അരവിന്ദ് സ്വാമിക്ക് മലയാളത്തിൽ ശബ്ദം നൽകിയിരുന്നത് ഷമ്മി തിലകനായിരുന്നു.
ആ ശബ്ദം ആളുകൾ തിരിച്ചറിയുമെന്നു പറഞ്ഞാണ് അധികമാരും പെട്ടെന്നു തിരിച്ചറിയാത്ത ശബ്ദം ഭരതൻ അന്വേഷിച്ചതും ഒടുവിൽ കുമരകം രഘുനാഥിലേക്ക് എത്തുന്നതും. എന്നാൽ, തിയറ്ററിൽ അരവിന്ദ് സ്വാമിയുടെ ശബ്ദം കേട്ടതും, പ്രേക്ഷകർ ആദ്യം ചോദിച്ചത്, "ഈ ശബ്ദം കുമരകം രഘുനാഥിന്റേതല്ലേ" എന്നായിരുന്നു. മലയാളികൾക്ക് അത്രമേൽ പരിചിതനാണ് കുമരകം രഘുനാഥ് എന്ന നടനും അദ്ദേഹത്തിന്റെ ശബ്ദവും.
ദൂരദർശൻ കാലം മുതൽക്കെ ടെലിവിഷൻ പ്രേക്ഷകരുടെ മുൻപിലുണ്ട് കുമരകം രഘുനാഥ്. അതിനും മുൻപ്, കേരളത്തിലെ ഉത്സപ്പറമ്പുകളിൽ നാടക നടനായും നാടകത്തിന്റെ അനൗൺസ്മെന്റുകളിലും നിറഞ്ഞുനിന്നിട്ടുണ്ട്. ഇടക്കാലത്ത് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തു ട്രാക്ക് മാറ്റി പിടിച്ച കുമരകം രഘുനാഥ് മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ഓസ്ലറിലൂടെയാണ് വീണ്ടും പ്രേക്ഷകർക്കു മുൻപിലെത്തിയത്.
വിശേഷങ്ങളുമായി കുമരകം രഘുനാഥ് മനോരമ ഓൺലൈനിൽ.
ഓസ്‌ലർ നൽകിയ സർപ്രൈസ്
ഞാൻ കുറെക്കാലമായി സിനിമ ചെയ്യാതെ ഇരിക്കുകയായിരുന്നു.
സിനിമ വരുന്നില്ലല്ലോ, കിട്ടുന്നില്ലല്ലോ എന്നൊക്കെയുള്ള ചിന്തയുമില്ല. അപ്പോഴാണ് മിഥുൻ മാനുവൽ തോമസിന്റെ ടീമിൽ നിന്നു വിളി എത്തിയത്. ഒരു ഡോക്ടറുടെ വേഷമുണ്ടെന്നാണ് പറഞ്ഞത്. ഞാൻ പോയി അഭിനയിച്ചു പോന്നു. പക്ഷേ, കഥയിൽ ആ കഥാപാത്രത്തിന് ഞെട്ടിക്കുന്ന ഭൂതകാലമുണ്ടെന്നൊന്നും അറിഞ്ഞില്ല. സിനിമ കണ്ടപ്പോഴാണ് അതെല്ലാം മനസിലായത്. രസകരമായ കാര്യമെന്തെന്നു വച്ചാൽ, സിനിമയിൽ എന്റെ ചെറുപ്പകാലം ചെയ്തിരിക്കുന്ന ആക്ടറെ പോലെ തന്നെയായിരുന്നു ഞാൻ ആ പ്രായത്തിൽ.
അതുപോലെ മുടിയൊക്കെ നീട്ടി വളർത്തിയിരുന്നു. മുണ്ടും ഷർട്ടുമായിരുന്നു വേഷമെന്നതു മാത്രമാണ് ആകെയുള്ള വ്യത്യാസം. എന്നെ അറിയുന്ന ചിലരൊക്കെ ആ കഥാപാത്രത്തെ കണ്ടപ്പോൾ പറഞ്ഞു, ശരിക്കും രഘുവിനെ പോലെ ഇരിക്കുന്നു എന്ന്.
എൻ.എൻ. പിള്ളയുടെ നാടകക്കളരി
നാട്ടിലെ വായനശാലയിൽ ഒരു അമച്വർ നാടകത്തിൽ അഭിനയിക്കുന്നതു കണ്ടാണ് എന്നെ എൻ.എൻ.
പിള്ള സർ അദ്ദേഹത്തിന്റെ നാടകസമിതിയിലേക്കു ക്ഷണിക്കുന്നത്. അദ്ദേഹത്തിന്റെ വീടായ ഡയണീഷ്യയുടെ പടി കയറിയപ്പോൾ എന്റെ കാൽ വിറയ്ക്കുകയായിരുന്നു. കാപാലിക, ക്രോസ്ബെൽറ്റ് തുടങ്ങിയ നാടകങ്ങൾ കത്തിനിൽക്കുന്ന സമയമാണ്. അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നത് ശരിക്കുമൊരു ഡ്രാമാ സ്കൂളിൽ പഠിക്കുന്ന അനുഭവമായിരുന്നു. ആ പഠനം എന്റെ കരിയറിൽ ഒത്തിരി സഹായിച്ചു. നാടകത്തിന്റെ നാടകീയത വിട്ട് സ്വാഭാവികമായ പ്രകടനത്തിലേക്ക് പരുവപ്പെടാൻ ആ കാലഘട്ടം എന്നെ സഹായിച്ചു.
സീരിയലിലും സിനിമയിലും എനിക്ക് അതു ഗുണം ചെയ്തു.
സീരിയൽ വന്നു വിളിച്ചപ്പോൾ
നാടകത്തിൽ പാട്ടെഴുതാൻ വന്ന കോന്നിയൂർ ഭാസുമായുള്ള പരിചയമാണ് എന്നെ സീരിയലിലെത്തിച്ചത്. മോഹം കൊണ്ടു ഞാൻ, കൺമണി പെണ്‍മണിയെ, നന്ദിയാരോടു ഞാൻ തുടങ്ങിയ പാട്ടുകളെഴുതിയ ഗാനരചയിതാവാണ് കോന്നിയൂർ ഭാസ്. ഷാജി.എം സംവിധാനം ചെയ്ത സീരിയലിലാണ് ഞാൻ ആദ്യം അഭിനയിച്ചത്.
ജലജയായിരുന്നു നായിക. ചെണ്ടക്കാരനായ കഥാപാത്രമായിരുന്നു എന്റേത്. അതിനു ശേഷമാണ് സ്കൂട്ടർ എന്ന സീരിയൽ സംഭവിച്ചത്. ആർ ഗോപിനാഥായിരുന്നു സംവിധായകൻ. നിഷ്കളങ്കനായ സംസ്കൃത അധ്യാപകന്റെ വേഷമായിരുന്നു. അതിന് എനിക്കു മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. പിന്നീട് ഒരുപാടു സീരിയലുകളിൽ വേഷമിട്ടു.
ഇടവേളയിലെ അമേരിക്കൻ ജീവിതം
സീരിയലുകളിൽ നിന്നു കിട്ടുന്ന വരുമാനം കൊണ്ട് കാലം മാറുന്നതിന് അനുസരിച്ചു ജീവിക്കാൻ പറ്റുമെന്ന് തോന്നിയില്ല.
അതുപോലെ, നായികാപ്രാധാന്യമുള്ള കഥകളിലേക്ക് സീരിയലുകൾ ചുവടു മാറാനും തുടങ്ങി. അതുകൊണ്ട്, ഞാൻ ട്രാക്ക് മാറ്റി. ആ സമയത്താണ് ഓർലാൻഡോ, ചിക്കാഗോ മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടിയുടെ ക്ഷണം ലഭിക്കുന്നത്. അങ്ങനെ ഞാനും ഭാര്യയും കൂടി അമേരിക്കയിലേക്കു പോയി. മൂന്നു മാസത്തെ വിസയുണ്ടായിരുന്നു. തിരിച്ചു പോരാനുള്ള ഡേറ്റ് അടുത്തിരിക്കെ ഭാര്യയ്ക്ക് സുഖമില്ലാതെയായി.
ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഭാര്യ ഗർഭിണിയാണെന്ന വിവരം അറിയുന്നത്. യാത്ര ചെയ്യാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല. മെഡിക്കൽ കാരണം കൊണ്ട് ഞങ്ങൾക്ക് വിസ നീട്ടി കിട്ടി. അങ്ങനെ, ഞങ്ങൾ അവിടെ ആയിപ്പോവുകയായിരുന്നു. അമേരിക്കയിൽ താമസമാക്കേണ്ടി വന്നപ്പോൾ വരുമാനത്തിന് ജോലി കണ്ടെത്തണമല്ലോ. ഒരു സുഹൃത്തു വഴി ഗ്യാസ് സ്റ്റേഷനിൽ ക്യാഷിയർ ആയി ജോലി കിട്ടി. ഗ്യാസ് സ്റ്റേഷൻ എന്നു വച്ചാൽ അവിടത്തെ പെട്രോൾ പമ്പ്.
പക്ഷേ, ഇവിടത്തെ പോലെ അല്ല. അവിടെ ഗ്യാസ് സ്റ്റേഷൻ എന്നു വച്ചാൽ സൂപ്പർ മാർക്കറ്റു പോലെയാണ്. അമേരിക്കയിൽ വച്ചു മകനുണ്ടായി. കുറച്ചു കാലം അവിടെ തുടർന്നു. ജീവിക്കാനുള്ള പൈസ ആയപ്പോൾ തിരിച്ചു പോരാമെന്നു തീരുമാനിച്ചു.
നേരമ്പോക്കായി കണ്ടാൽ മതി
ഇപ്പോൾ സീരിയൽ ഒരു വ്യവസായമാണ്. മുൻപ് സീരിയലിന് ഒരുപാടു കടമ്പകളുണ്ടായിരുന്നു. തിരക്കഥ സമർപ്പിച്ച് ഡൽഹിയിൽ നിന്ന് അനുമതി കിട്ടിയിട്ടു വേണം ഷൂട്ടു ചെയ്യാൻ.
'എടീ' എന്നു വിളിക്കാൻ പറ്റില്ല, ആണുങ്ങൾ കിടക്കുമ്പോൾ കക്ഷം കാണിക്കുന്ന രീതിയിൽ പാടില്ല, എന്നിങ്ങനെ ഒരുപാടു കാര്യങ്ങൾ സ്ക്രീനിങ് കമ്മിറ്റി പരിശോധിക്കും. എന്നിട്ടാണ് അനുമതി കിട്ടുക. 12 എപ്പിസോഡുള്ള സീരിയൽ ചെയ്താൽ ലാഭം കിട്ടില്ല. പക്ഷേ, നഷ്ടം വരില്ല. പക്ഷേ ഇന്നതല്ല സാഹചര്യം. വ്യവസായം ആയപ്പോൾ അതിന്റേതായ കൂട്ടിച്ചേർക്കലുകൾ വന്നു.
രണ്ടായിരം കുടുംബങ്ങൾ അതിലൂടെ ജീവിക്കുന്നുണ്ട്. ഇപ്പോഴത്തെ സീരിയലുകളെ കഥാഗതി കാണുമ്പോൾ വിമർശിക്കണമെന്നൊക്കെ തോന്നും. പക്ഷേ, ആലോചിക്കുമ്പോൾ മനസിലാകും അതൊന്നും പ്രായോഗികമല്ല. പിന്നെ, സീരിയലിലൂടെ സാസ്കാരിക പരിവർത്തനമൊന്നും ആരും ലക്ഷ്യം വയ്ക്കുന്നില്ലല്ലോ. നമ്മുടെ പ്രായമായ അമ്മമ്മാരും അച്ഛന്മാരും അമ്മൂമ്മമാരുമൊക്കെ നേരമ്പോക്കിനു കാണുന്ന പരിപാടി.
അത്ര ഗൗരവമേ അതിനു നൽകേണ്ടതുള്ളൂ. അതിലൂടെ സമൂഹത്തിൽ വലിയ മാറ്റം കൊണ്ടുവരാമെന്നൊന്നും ചിന്തിക്കേണ്ടതില്ല. അതൊരു ജീവിതോപാധിയും വിനോദോപാധിയും മാത്രമാണ്. സിനിമയെപ്പോലെ സീരിയലിനെ കാണേണ്ടതില്ലെന്നാണ് എനിക്കു തോന്നുന്നത്.
പ്രായത്തെക്കുറിച്ച് ആകുലതകളില്ല
എന്റെ പ്രായം പ്രേക്ഷകർക്ക് അറിയാം. ഞാനേതു വയസിലാണ് ദൂരദർശനിൽ വന്നതെന്നൊക്കെ അവർക്ക് അറിയാവുന്നതാണ്.
എന്റെ അതേ പ്രായത്തിലുള്ളവരെ കാണുമ്പോൾ ഒത്തിരി പ്രായമായതായി തോന്നാറുമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ കലാരംഗത്തു സജീവമായി നിൽക്കുന്നതുകൊണ്ട് പ്രായത്തെക്കുറിച്ചു ചിന്തിക്കാറേയില്ല. കലാകാരനെ സംബന്ധിച്ചിടത്തോളം അവന്റെ ആരോഗ്യം പ്രധാനപ്പെട്ടതാണ്. ഞാനും ആരോഗ്യം ശ്രദ്ധിക്കുന്ന കൂട്ടത്തിലാണ്. വ്യായാമം ചെയ്യാറുണ്ട്. ഭക്ഷണം ക്രമീകരിക്കാറുണ്ട്.
പിന്നെ, മനസാണ് ഇതിലെല്ലാം പ്രധാനം.
നിലപാടുകളിൽ ഭയമില്ല
മമ്മൂക്കയ്ക്ക് നിലപാടുണ്ട്. അദ്ദേഹത്തിന് രാഷ്ട്രീയം അറിയാം. പക്ഷേ, അതിന്റെ പേരിൽ അദ്ദേഹത്തെ ആരും ഇതുവരെ മാറ്റി നിർത്തിയിട്ടില്ല. ഇപ്പോഴത്തെ സാമൂഹിക ചുറ്റുപാടുകൾ നമ്മെ പേടിപ്പിക്കുന്നതാണ്. ഇതു കണ്ട് ഓടിയാൽ, നാം ഓടിക്കൊണ്ടേയിരിക്കും. നമ്മൾ ഒന്നു തിരിഞ്ഞു നിന്നാൽ, ഈ ഓടിക്കുന്നവരൊക്കെ അവിടെ നിൽക്കും.
ഇതു തിരിച്ചറിയുമ്പോൾ, നമ്മുടെ നിലപാടുകൾ കൃത്യമായി പറയാൻ കഴിയും. കുമരകം എന്ന നാട് 15 വയസിൽ വിട്ടു പോയ ആളാണ് ഞാൻ. അന്നു മുതൽ യാത്ര ഒറ്റയ്ക്കാണ്. ഒറ്റയ്ക്കു പടുത്തുയർത്തിയ ജീവിതവും കരിയറുമാണ്. അതുകൊണ്ട്, തെറ്റു ചെയ്യുമ്പോൾ ആരും ഗുണദോഷിക്കാൻ വരില്ല. എന്റെ ശരിയും തെറ്റും എന്റേതു മാത്രമാണ്. ഞാൻ എന്റെ അഭിപ്രായത്തിനു ജീവിക്കുന്ന ആളാണ്. അതിലെ തെറ്റുകളും വീഴ്ചകളും ഞാൻ അംഗീകരിക്കുന്നു.
എന്റെ യാത്ര അങ്ങനെയായിരുന്നു.
ഞാൻ പൂർണ തൃപ്തൻ
സീരിയലിൽ സജീവമായി നിൽക്കുന്ന സമയത്താണ് ഞാൻ മാലയോഗത്തിൽ അഭിനയിക്കുന്നത്. ലോഹിതദാസ് എഴുതി സിബി മലയിൽ സംവിധാനം ചെയ്ത സിനിമയായിരുന്നു അത്. പിന്നീട് ധാരളം സിനിമകളിൽ വേഷമിട്ടു. മയൂരനൃത്തം എന്ന ചിത്രത്തിൽ നായകനായി. അതിലൊരു കൊച്ചു വേഷത്തിൽ ഇപ്പോഴത്തെ തെന്നിന്ത്യൻ സൂപ്പര്‍താരം വിക്രമും അഭിനയിച്ചിരുന്നു.
സിനിമയിൽ വേഷങ്ങൾ കിട്ടുന്ന സമയത്താണ് ഞാൻ വിദേശത്തേക്കു പോകുന്നതും വലിയൊരു ഇടവേള സംഭവിക്കുന്നതും. അതോടെ സിനിമ വിട്ടു. പിന്നെ, സിനിമയിൽ ഗംഭീര വേഷങ്ങളൊന്നും ചെയ്യാൻ അവസരവും ലഭിച്ചിരുന്നില്ല. സിനിമ എനിക്ക് ആവശ്യമാണെന്ന തരത്തിൽ ഞാൻ അതിനു പിന്നാലെ പോയില്ല എന്നതാണ് വാസ്തവം. നടനെന്ന രീതിയിൽ ഞാൻ സംതൃപ്തനായിരുന്നു. ജനങ്ങളുടെ അംഗീകാരവും ലഭിച്ചു.
സിനിമയിൽ അഭിനയിച്ചാലെ നടൻ ആകൂ എന്നു വിശ്വസിക്കുന്ന ആളല്ല ഞാൻ. സിനിമയും സീരിയലും തമ്മിൽ എനിക്ക് അന്നും ഇന്നും വേർതിരിവൊന്നുമില്ല. സിനിമയിൽ സൂപ്പർനായകനാകാമെന്ന് ഒരിക്കലും ഞാൻ കരുതിയിട്ടില്ല. അതുകൊണ്ട്, സിനിമാക്കാരോടു ഇന്നു വരെ അവസരം ചോദിച്ചിട്ടുമില്ല. നൂറു പേരു കൂടുമ്പോൾ അതിൽ പത്തു പേരെങ്കിലും എന്നെ തിരിച്ചറിയുന്നുണ്ട്. ഞാൻ അത്രയൊക്കെ സംഭാവനകളെ ഈ രംഗത്തിനു നൽകിയിട്ടുള്ളൂ.
ഞാൻ സംതൃപ്തനാണ്.